
തിരുവനന്തപുരം: ജലസംഭരണികളിൽ ആവശ്യത്തിന് ജലമുണ്ടായിട്ടും കേരളത്തിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നത് സർക്കാരിന്റെ ഗുരുതരമായ ഭരണപരാജയമാണെന്ന് വിമർശനം. മുൻകാലങ്ങളെ അപേക്ഷിച്ച് ഉത്പാദന സാധ്യതകൾ ഉണ്ടായിട്ടും നിലവിലെ പ്രതിസന്ധിക്ക് കാരണം കൃത്യമായ ആസൂത്രണമില്ലായ്മയാണെന്ന് ആക്ഷേപം ഉയരുന്നു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പുകൾ അവഗണിച്ചതും മുൻകൂട്ടിയുള്ള വൈദ്യുതി വാങ്ങൽ കരാറുകളിൽ വീഴ്ച വരുത്തിയതുമാണ് ഇപ്പോഴത്തെ ഇരുട്ടടിക്ക് കാരണമെന്നാണ് പ്രധാന ആരോപണം. 2023 ലെ കടുത്ത ജലക്ഷാമകാലത്തുപോലും ലോഡ് ഷെഡിങ് ഒഴിവാക്കാൻ കെ.എസ്.ഇ.ബിക്ക് കഴിഞ്ഞിരുന്നു. എന്നാൽ പീക്ക് ലോഡ് ആവശ്യകതയിലും ഉപഭോഗത്തിലും വന്ന മാറ്റങ്ങൾ മുൻകൂട്ടി കണ്ട് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, പ്രതിസന്ധി നേരിടാൻ മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച ദീർഘകാല കരാറുകളും എസ്.ഇ.സി.ഐ (SECI) പദ്ധതികളും ഏറെതുണയാകുന്നുണ്ട്. മൈലാട്ടി, ശ്രീകണ്ഠാപുരം, ബ്രഹ്മപുരം തുടങ്ങിയ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) പദ്ധതികൾ അടക്കമുള്ളവ യാഥാർത്ഥ്യമാകുന്നതോടെ വൈദ്യുതി രംഗത്തെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ. എങ്കിലും, വർത്തമാനകാലത്തെ ഈ പ്രതിസന്ധി മറികടക്കാൻ രാഷ്ട്രീയ വിശദീകരണങ്ങൾക്കപ്പുറം അടിയന്തരവും സുതാര്യവുമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.










